സുൽത്താൻബത്തേരി: കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വേനൽമഴ നഗരവാസികൾക്ക് ആശ്വാസമായി.
താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് വേനൽമഴ പെയ്തത്. ഇതോടെ അന്തരീക്ഷ താപനിലയിൽ നേരിയ കുറവുണ്ടായി. വേനൽമഴയെത്തുടർന്ന് കൃഷിയിടങ്ങളിലും ഗുണകരമായ മാറ്റം ഉണ്ടായി.
വെള്ളക്കുറവുമൂലം വാടിത്തളർന്നിരുന്ന പച്ചക്കറിച്ചെടികൾക്കും മറ്റു കൃഷികൾക്കും പുതുജീവൻ ലഭിച്ചതായി കർഷകർ പറയുന്നു. പകൽ ചൂട് കുറഞ്ഞത് ടൗണുകളിലും വിപണികളിലും ആൾ സാന്നിധ്യം വർധിക്കുന്നതിനും സഹായകമായി. അതേസമയം ഇടിയോടുകൂടിയ മഴയും ശക്തമായ കാറ്റും ചിലയിടങ്ങളിൽ നാശനഷ്ടങ്ങൾക്ക് കാരണമാകുന്നുണ്ട്. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ ഉൾപ്പെടെയുള്ളവർ.